പള്ളിപെരുന്നാൾ 2022 - ഒരു അവലോകനം

Mathews Jacob
30-Oct-2022

എൻറ്റെ ഇടവകയായ അടൂർ തിരുഹൃദയ കത്തോലിക്കാപ്പള്ളിയുടെ 2022 ലെ പള്ളിപ്പെരുന്നാൾ വിജയകരമായി പര്യവസാനിച്ചിരിക്കുന്നു. ദേവാലയത്തിന്റെ ചരിത്രത്തിൽ ഇത്രയും വർണ്ണാഭവും ആർഭാടവുമായ പള്ളിപ്പെരുന്നാൾ നടന്നിട്ടില്ലായെന്നാണ് ചരിത്രം അറിയാവുന്നവർ പറയുന്നത്. വികാരി റവ. ഫാ. തോമസ് പൂവണ്ണാലിനും ട്രസ്റ്റി റോയി ജോർജിനും സെക്രട്ടറി ടോം തോട്ടത്തിലിനും പെരുന്നാളിന്റെ മുഖ്യസംഘാടകൻ റോഷൻ ജേക്കബിനും മറ്റ് കമ്മിറ്റിയംഗങ്ങൾക്കും ആദ്യംതന്നെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.


ഇന്ന് രാവിലെ അഭി. മാത്യൂസ് മാർ പോളികാർപ്പസ് തിരുമേനിയുടെ ആഘോഷപൂർവ്വമായ വിശുദ്ധബലിക്കു ശേഷം (https://youtu.be/k1v65Wdq1A8) നടന്ന കൊടിയിറക്കും നേർച്ചവിളമ്പും ഒരാഴ്ച്ച നീണ്ടുനിന്ന തിരുന്നാൾ മഹോത്സവത്തിന് പരിസമാപ്തി കുറിച്ചു.

ഒക്ടോബർ 22 രാത്രി മുതൽതന്നെ പള്ളിയും പരിസരവും ദീപാലങ്കൃതമായിരുന്നു. പള്ളിയുടെ ഇല്യുമിനേഷൻ ആയിരുന്നു ഈ വർഷത്തെ ഏറ്റവും വലിയ ആകർഷണം. ചന്ദനപ്പള്ളിയിലുള്ള VKS ലൈറ്റ് & സൗണ്ട് ഏജൻസിയാണ് അങ്ങേയറ്റം അഭിനന്ദനങ്ങൾ അർഹിക്കുന്ന ഈ അലങ്കാരക്രിയകൾ ഏറ്റെടുത്തു നടത്തിയത്.

ഒക്ടോബർ 23 ഞായറാഴ്ച ആന്റണി മാർ സിൽവാനിയോസിന്റെ കർമികത്വത്തിൽ നടന്ന വിശുദ്ധബലിക്ക് ശേഷം തിരുന്നാളിന്റെ കൊടി ഉയർത്തി. (https://youtu.be/dvgYxNbueso) ഒക്ടോബർ 24, 25, 26 തീയതികളിൽ വിശുദ്ധ കുർബ്ബാനക്ക് ശേഷം നടന്ന റവ. ഫാ. ജോൺസൺ പുതുവേലിന്റെ വചനപ്രഘോഷണം വലിയ ആൽമീയ ഉണർവ്വുണ്ടാക്കി. സ്വന്തം ആവശ്യങ്ങളുടെ ലിസ്റ്റുമായി പ്രാർത്ഥിക്കാതെ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുകയെന്ന മഹത്തായ ക്രൈസ്തവമൂല്യം അച്ചൻറ്റെ പ്രധാന സന്ദേശമായി. മറ്റുള്ളവർക്കുവേണ്ടി ജീവിതംതന്നെ ബലിയർപ്പിക്കുന്ന ക്രിസ്തുമാർഗ്ഗം മണ്ണാങ്കട്ടയും കരീലയും എന്ന പഴങ്കഥക്കു ഒരു രണ്ടാം ഭാഗം അവതരിപ്പിച്ചുകൊണ്ട് അച്ചൻ സരസമായി അവതരിപ്പിച്ചു. പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി മാതാവിൻറ്റെ സഹനം സ്വജീവിതത്തിൽ പ്രവർത്തികമാക്കിക്കൊണ്ടായിരിക്കണമെന്ന ഉപദേശം എന്തിലും ഏതിലും തുല്യത ആവശ്യപ്പെടുന്ന അവകാശങ്ങൾ നേടിയെടുക്കാൻ മുറവിളികൂട്ടുന്ന ഒരു ജനസമൂഹത്തിന് എത്രമാത്രം സ്വീകാര്യമാകുമെന്നു സംശയമുണ്ട്.

ഒക്ടോബർ 27 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ഭക്തസംഘടനകളുടേയും പ്രാർത്ഥനായോഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. പുതിയ ദേവാലയനിർമ്മാണവും കോവിഡും ഒക്കെയായി വിരസവും മടുപ്പേറിയതുമായ കുറേ വർഷങ്ങൾ താണ്ടിയ ഇടവകാംഗങ്ങൾ കലാവാസനയെ ഉണർത്താനും പരിപോഷിപ്പിക്കാനും വീണുകിട്ടിയ അവസ്സരം നല്ലവണ്ണം പ്രയോജനപ്പെടുത്തി.


ഒക്ടോബർ 29 ശനിയാഴ്ച വൈകിട്ടത്തെ റാസ ചരിത്രം സൃഷ്ടിച്ചു. ഇത്രയും ജനപങ്കാളിത്തമുള്ള ഒരു പരിപാടിയും എൻറ്റെ ഓർമ്മയിലില്ല. അടൂർ വൈദീകജില്ലയിലെ മറ്റ് ഇടവകകളിൽനിന്നും വികാരിയച്ചന്മാരെയും ജനങ്ങളേയും അടൂർ പള്ളിയുടെ പെരുന്നാളിൽ പങ്കെടുക്കുന്നതിനു പ്രചോദിപ്പിക്കാൻ കഴിഞ്ഞത് പൂവണ്ണാലച്ചൻറ്റെ മാജിക് തന്നെയാണ്.


അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിനു മുൻവശത്തുവെച്ചു ക്ഷേത്രഭാരവാഹികളുടേയും ഭക്തജനങ്ങളുടേയും നേതൃത്വത്തിൽ റാസയ്ക്ക് നൽകിയ സ്വീകരണം അടൂരിൽ പണ്ടുമുതലേ നിലനിന്നിരുന്ന സാമുദായിക സൗഹാർദ്ദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലായെന്നു അടിവരയിട്ടു പറയുന്നതായിരുന്നു. കണ്ണംകോട് ഓർത്തഡോക്സ്‌ കത്തീഡ്രലിൻറ്റെ കുരിശ്ശടിക്കു സമീപം ആ ദേവാലയത്തിൻറ്റെ വികാരിയച്ചൻറ്റേയും ഭരണസമിതിയംഗങ്ങളുടേയും ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണം സഹോദരീസഭകൾ തമ്മിൽ നിലവിലുള്ള ഊഷ്മളമായ സൗഹൃദത്തിൻറ്റെ ധൃഷ്ടാന്തമായും തിരുഹൃദയദേവാലയം എന്നും എക്യൂമെനിക്കൽപ്രസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള സംഭാവനയുടെയും പിന്തുണയുടേയും അംഗീകാരമായും കാണുവാൻ കഴിയും.


റാസയുടെ മുൻപിൽ ഒരു കുതിരയെ എഴുന്നെള്ളിപ്പിച്ചിരിന്നു; ആനയ്ക്ക് പകരമാകാം. ഒരു മൃഗത്തിൻറ്റെ സാന്നിദ്ധ്യം ആസ്വദിച്ചവർ പലരുമുണ്ടാകും. എനിക്ക് പ്രത്യേക അനുഭൂതിയൊന്നും തോന്നിയില്ല. റാസയുടെ സഞ്ചാരപഥത്തിൽ പലയിടത്തും കുതിരച്ചാണകം കാണാമായിരുന്നു. റാസയിലുള്ള പലരും അതിൽ ചവിട്ടുകയും ചെയ്തു. ഭാഗ്യംകൊണ്ട് ആരും തെന്നിവീണില്ല. അത് സംഭവിച്ചിരുന്നെങ്കിൽ കേസും നഷ്ടപരിഹാരവും ഒക്കെ ചർച്ചയായി വന്നേനെ.


റാസയ്ക്കുശേഷം നടന്ന ലൈറ്റ്ഷോയും ആകാശക്കാഴ്ചയും നയനവിസ്മയങ്ങളായിരുന്നു. ഒക്ടോബർ 29 സന്ധ്യയോടുകൂടി പെരുന്നാൾ ആഘോഷങ്ങൾ അതിൻറ്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിച്ചേർന്നു. റോഡ് ബ്ലോക്ക്‌ ചെയ്തുകൊണ്ട് നടത്തുന്ന റാസയ്ക്ക് ഞാൻ എതിരായിരുന്നുവെങ്കിലും റാസ വലിയ ഹരമായ കൊച്ചുമോനേയുംകൊണ്ട് ഈ എളിയവനും ആദ്യവസാനം പങ്കെടുത്തു. രസകരമായ ഒരു വസ്തുത എൻറ്റെ മുൻപിലും പിൻപിലും നിന്നിരുന്ന ആളുകളെയൊന്നും എനിക്ക് പരിചയമില്ലായിരുന്നുവെന്നതാണ്. തീർച്ചയായും അവർ അടൂർ വൈദീകജില്ലയിലെ മറ്റു പള്ളികളിൽ നിന്നും വന്നവരാകും. ഇക്കാലത്ത് എല്ലാം കൊടുക്കൽ-വാങ്ങലുകളായതുകൊണ്ട്‌ ഇതൊക്കെ ഓർമ്മയിലുണ്ടായിരിക്കണം. അവരുടെ പള്ളിയിലെ റസായ്ക്കു നമ്മളും പോകണം എന്നർത്ഥം . 


റോഡിൽ ആ സമയത്തു സഞ്ചരിച്ചിരുന്നവർക്ക്‌ നമ്മുടെ റാസ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. റാസ കടന്നുപോകുന്നതിനുവേണ്ടി പലയിടത്തും തടഞ്ഞിട്ടിരുന്ന വാഹനങ്ങളിൽ ഇരുന്നവരുടെ നേരേ നോക്കാതെ ഒരു അധോമുഖനെപ്പോലെ തല താഴ്ത്തിയായിരുന്നു ഞാൻ  നടന്നു നീങ്ങിയിരുന്നതെങ്കിലും അവിചാരിതമായി പലരുടേയും മുഖത്ത് കണ്ണുകൾ ഉടക്കി. ചില മുഖങ്ങളിൽ നിസ്സഹായതയുടെ ദൈന്യത നിഴലിച്ചിരുന്നുവെങ്കിൽ ചില മുഖങ്ങളിൽ പകയുടെയും വിദ്വേഷത്തിൻറ്റേയും ക്രൗര്യഭാവമായിരുന്നു കാണാൻ കഴിഞ്ഞത്. ഇത് എന്നിൽ വലിയ കുറ്റബോധം ശൃഷ്ടിച്ചു. 


റാസ തിരിച്ചു ദേവാലയങ്കണത്തിൽ പ്രവേശിച്ചപ്പോൾ എല്ലാവരുടെയും സന്തോഷം മൂർച്ചയിലെത്തി. പള്ളിയുടെ വടക്കുവശത്തു 200 ഓളം ചെറുപ്പക്കാരും ബാൻഡ്സെറ്റ്ടീമും കൂടി ഏതാണ്ട് അര മണിക്കൂർ നീണ്ട ഒരു പ്രകടനം നടത്തി. അതിൽ പങ്കെടുത്തവരും കണ്ടു നിന്നവരും എല്ലാം സന്തോഷത്തിൽ ആറാടി. സത്യത്തിൽ വിശുദ്ധ കുർബ്ബാനയോ വചനപ്രാഘോഷണമോ ഒന്നുമല്ല ജനങ്ങളെ സന്തോഷിപ്പിക്കുന്നത് മറിച്ചു റാസയും ഫ്യൂഷൻ ഡാൻസും വെടിക്കെട്ടുമൊക്കെയാണ് എന്നത് വലിയ തിരിച്ചറിവായി.


ഒക്ടോബർ 30 നു കൊടിയിറക്കിയ ശേഷം ആ കൊടിയും വഹിച്ചുകൊണ്ട് ഭാരവാഹികൾ പള്ളിക്ക് ചുറ്റിലും പലതവണ ഓടിയത് അധികം പള്ളിപെരുനാളുകൾ കണ്ടിട്ടില്ലാത്ത എന്നെപ്പോലെയുള്ളവർക്കു വലിയ കൗതുകക്കാഴ്ചയായി. ഓരോരോ ആചാരങ്ങൾ! ഇക്കണക്കിനു അടുത്ത വർഷം വെളിച്ചപ്പാട് തുള്ളലും പ്രതീക്ഷിക്കാം. 

ഇറക്കിയ കൊടിയും വഹിച്ചുകൊണ്ടുള്ള ഓട്ടം.  അന്തം വിട്ടു വീക്ഷിക്കുന്നത് ദീർഘകാലം സൺഡേസ്‌കൂൾ അദ്ധ്യാപകനായിരുന്ന കുറ്റിയിലെ ജോയിച്ചായൻ (കെ.ഓ ജോർജ്).

ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റു കുറിപ്പുകൾ